സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 2,000 കോടി കടമെടുക്കും
|ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും.
ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോയിരുന്നത്. വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. പരമാവധി നിത്യനിദാന വായ്പാ തുകയായ 1670 കോടി രൂപയാണ് ഓവർഡ്രാഫ്റ്റായി അനുവദിക്കുക. ഇത് രണ്ടും ചേർന്ന് 3,000 കോടിയിലേറെ രൂപ രണ്ടാഴ്ച കൊണ്ട് തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ പ്രതിസന്ധിയിലാകുമെന്നതാണ് സ്ഥിതി.
2,000 കോടി രൂപ ഉടൻ കടമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്. അപ്പോഴും ഓണക്കാലത്തെ ചെലവുകൾക്കായി ഭീമമായ തുക വേറെ കണ്ടെത്തേണ്ടി വരും. സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത,ക്ഷേമപെൻഷൻ എന്നിങ്ങനെ ചെലവുകൾക്ക് എല്ലാമായി 8,000 കോടിയെങ്കിലും വേണം. വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകാനുള്ള സഹായധന കുടിശിക ഉടൻ നൽകണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.