'മിത്തല്ല, ഇത് സത്യം'; മെഡിക്കൽ അലോട്‌മെന്റിൽ സാമ്പത്തിക സംവരണത്തിലൂടെ പ്രവേശനം നേടിയവരുടെ റാങ്ക് ചർച്ചയാവുന്നു
|സംവരണം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുമെന്നും സംവരണം വഴി പ്രവേശനം നേടിയവർ ശസ്ത്രക്രിയ നടത്തിയാൽ രോഗി മരിച്ചുപോവില്ലെയെന്നും പരിഹസിച്ചിരുന്ന സംവരണ വിരുദ്ധർ ഇപ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നു.
കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ സാമ്പത്തിക സംവരണം വഴി പ്രവേശനം നേടിയവരും മറ്റു സംവരണ വിഭാഗക്കാരും തമ്മിലുടെ വലിയ അന്തരം ചർച്ചയാവുന്നു. എം.ബി.ബി.എസിന് സർക്കാർ കോളജിൽ പ്രവേശനം നേടിയ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 1698 ആണ്, മുസ്‌ലിം വിദ്യാർഥിയുടെ റാങ്ക് 1011 എന്നാൽ സാമ്പത്തിക സംവരണം വഴി പ്രവേശനം നേടിയ വിദ്യാർഥിയുടെ റാങ്ക് 3146 ആണ്.
സ്വാശ്രയ വിഭാഗത്തിൽ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 9092ഉം മുസ്‌ലിം വിഭാഗത്തിൽ 8884ഉം ആണ്. എന്നാൽ സാമ്പത്തിക സംവരണം വഴി അഡ്മിഷൻ നേടിയ അവസാന റാങ്ക് 14508 ആണ്. ബി.ഡി.എസിൽ സർക്കാർ കോളജുകളിൽ പ്രവേശനം നേടിയ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 5512ഉം മുസ്‌ലിം വിഭാഗത്തിൽ 4225ഉം ആണ്. എന്നാൽ സാമ്പത്തിക സംവരണം വഴി പ്രവേശനം നേടിയ അവസാന റാങ്ക് 9000 ആണ്. ബി.ഡി.എസ് സ്വാശ്രയ കോളജുകളിൽ അവസാനം പ്രവേശനം നേടിയ റാങ്ക് ഈഴവ വിഭാഗത്തിൽ 38206ഉം 39190ഉം ആണ്. എന്നാൽ സാമ്പത്തിക സംവരണം വഴി പ്രവേശനം നേടിയ അവസാന റാങ്ക് 35706 ആണ്.
സംവരണം എന്ന ആശയത്തിന്റെ അന്തഃസത്ത തന്നെ ഇല്ലാതാക്കുന്നതാണ് സാമ്പത്തിക സംവരണം എന്ന വിമർശനം ശരിവെക്കുന്നതാണ് ഇതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സംവരണം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുമെന്നും സംവരണം വഴി പ്രവേശനം നേടിയവർ ശസ്ത്രക്രിയ നടത്തിയാൽ രോഗി മരിച്ചുപോവില്ലെയെന്നും പരിഹസിച്ചിരുന്ന സംവരണ വിരുദ്ധർ ഇപ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നു.