കെജ്‌രിവാളിന്റെ അറസ്റ്റ്: ആശങ്കയിൽ സി.പി.എമ്മും; തൃശൂരിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം
|സന്ദർശനം കരുവന്നൂർ കേസിൽ സി.പി.എം നേതാക്കളെ ഇ.ഡി വിളിക്കാനിരിക്കെ
തൃശ്ശൂര്‍: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റോടെ കരുവന്നൂർ ബാങ്ക് കേസിൽ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയുണ്ടാകുമെന്ന് സി.പി.എമ്മിന് ആശങ്ക. തൃശൂരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.കെ ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന നടപടി തുടരുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. കരുവന്നൂർ ബാങ്ക് കേസിൽ സി.പി.എം നേതാക്കളെ ലക്ഷ്യം വെച്ചുള്ള നടപടിയുണ്ടാകാൻ സാധ്യതയുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. കോഴിക്കോട്ടേക്ക് പോകും വഴിയാണ് രാവിലെ 9 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി. എം തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്.
നേതാക്കളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ഏതൊരു നീക്കത്തേയും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. കരുവന്നൂർ കേസിൽ മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ളവരെ നിരവധി തവണ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസിൽ ഉന്നത സി.പി.എം നേതാക്കൾക്കടക്കം പങ്കുണ്ടെന്ന് ഇ.ഡി ആരോപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉണ്ടായതിന് സമാനമായ നീക്കം കേരളത്തിലും ഉണ്ടാകുമെന്നാണ് സൂചന.