ലൈഫ് മിഷൻ കോഴക്കേസിൽ അധികസമയം ചോദിച്ച് ഇഡി; വിമർശിച്ച് കോടതി
|കേസിലെ നാലാം പ്രതിയായ യുഎഇ കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ പൂർത്തിയാക്കാൻ അധികസമയം ചോദിച്ച ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ അഞ്ചുമാസത്തെ സമയം എന്തിനെന്ന് കോടതി ചോദിച്ചു. എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം.
കേസുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് കോടതി ചോദിച്ചിരുന്നു. അഞ്ച് മാസത്തെയെങ്കിലും സമയം വേണ്ടിവരുമെന്നാണ് ഇഡിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്. എന്നാൽ, ചുരുക്കം ചില സാക്ഷികൾ മാത്രമാണ് കേസിലുള്ളതെന്നും അവരെ വിചാരണ ചെയ്യാൻ എന്തിനാണ് ഇത്രയും സമയമെന്നും കോടതി ചോദിച്ചു. കേസിൽ തുടരന്വേഷണം വേണമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി അറിയിച്ചു.
കേസിലെ നാലാം പ്രതിയായ യുഎഇ കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാളുമായി ബന്ധപ്പെടാൻ പോലും സാധിച്ചിട്ടില്ല. ഇയാളുടെ മൊഴി കൂടി പരിഗണിച്ച് മാത്രമേ കേസിൽ തുടരന്വേഷണം വേണമോയെന്നത് തീരുമാനിക്കാനാകൂ എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.