പ്രതികള്‍ക്ക് ബിനാമി ഇടപാട്; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം തുടങ്ങി
|കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടി രൂപക്ക് മുകളിൽ അഴിമതി നടന്നുവെന്നാണ് കണക്ക്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തി. പണമിടപാടിലെ രേഖകൾ ഹാജരാക്കാൻ ബാങ്കിന് ഇഡി നിർദേശം നല്‍കി . കേസിലെ പ്രതികളുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടി രൂപക്ക് മുകളിൽ അഴിമതി നടന്നുവെന്നാണ് കണക്ക്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക പരിശോധന തുടങ്ങിയത്. ഇ.ഡി ഉദ്യോഗസ്ഥർ തൃശൂർ കരുവന്നൂരിലെ ബാങ്കിലെത്തി പരിശോധന നടത്തി.
പ്രതികൾ നടത്തിയ ഇടപാട് സംബന്ധിച്ച രേഖകൾ നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും തുടർനടപടി. അതേ സമയം കേസിൽ പ്രതികളായവരുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കേസിലെ പ്രതികളായ ബിജു കരീം, ബിജോയ് എന്നിവരുടെ ഇടപാടുകളിൽ ബിനാമി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവരുടെ വീടുകളിൽ നിന്ന് കണ്ടെത്തിയ രേഖകൾ പരിശോധിച്ച് വരികയാണ്. ഇടുക്കിയിലെ റിസോർട്ടിൽ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിക്കും. ബാങ്കിന്‍റെ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തിയും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. റിട്ടയേഡ് ജീവനക്കാരുടെ യൂസർ ഐ.ഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.