നിർമാണം പൂർത്തിയാകും മുമ്പേ ടോൾപിരിവ്; പാലിയേക്കര ടോൾ കമ്പനിയുടെ 125 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു
|കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു
തൃശൂർ: പാലിയേക്കര ടോൾ കമ്പനിയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. ജി.ഐ.പി.എൽ (ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപമാണ് മരവിപ്പിച്ചത്. മണ്ണുത്തി , ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനിയാണിത്. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു. ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI )യെ പറ്റിച്ചതോടെയാണ് നടപടി. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ റെയ്ഡ് നടന്നിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം.
കെ.എം.സി. കമ്പനിയുടെ പകുതി ഷെയറുകൾ ജി.ഐ.പി.എൽ., ബി.ആർ.എൻ.എൽ കമ്പനികൾക്ക് വിറ്റത് NHAI അറിയാതെയാണെന്നും ദേശീയപാതയിലെ ബസ് ബേ നിർമാണം പൂർത്തിയാക്കാതെ തന്നെ ടോൾ പിരിച്ചതിലും അപാകതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 125 .21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായാണ് ആരോപണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഭാരത് റോഡ് നെറ്റ് വർക്ക് ലിമിറ്റഡ്, ജി.ഐ.പി.എൽ., ഹൈദരാബാദ് ആസ്ഥാനമായ കെ എം.സി കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ജി.ഐ.പി.എൽ പാലിയേക്കര ഓഫിസിലും പരിശോധന നടത്തി. ദേശീയപാത നിർമാണത്തിൽ 102.44 കോടി രൂപയുടെ നഷ്ടം കരാർ കമ്പനികൾ ഉണ്ടാക്കിയെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. 2006 മുതൽ 2016 വരെയായിരുന്നു റോഡ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയത്.
ED freezes investment of 125 crores of Paliyekkara Toll Company