കരുവന്നൂരിൽ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി ഇ.ഡി
|കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി ഇ.ഡി. 57.75 കോടിയുടെ 117 വസ്തുവകളാണ് ഇ.ഡി കണ്ടുകെട്ടിയത്. 11 വാഹനങ്ങളും ഇതിൽ പെടും. 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതോടെ ഇതുവരെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 87.75 കോടിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയവരുടെ കേരളം തമിഴ് നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
അതേസമയം, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കരുവന്നൂർ ബാങ്കിലെ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. 2011 മുതൽ നടന്ന തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ. 2014 മുതൽ 2019 വരെ ബാങ്കിൽ നടത്തിയ ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടി എടുക്കാത്തതിലും ഇ.ഡിക്ക് സംശയമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് രജിസ്ട്രാർ ടി.വി സുഭാഷിനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിലെ കഴിഞ്ഞ പത്ത് വർഷത്തെ ഓഡിറ്റ് സംബന്ധിച്ച രേഖകളും റിപ്പോർട്ടിങ് ഓഫീസർമാരുടെ വിവരങ്ങളും സഹകരണ വകുപ്പ് ഇ.ഡിക്ക് മുന്നിൽ ഹാജരാക്കി.
കൊച്ചിയിലെ വ്യവസായി ദീപക്ക് സത്യപാലൻ ഇ.ഡി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി. രണ്ടാംപ്രതി പി.പി കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക് സത്യപാലൻ എന്നാണ് ഇ.ഡി പറയുന്നത്. കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത അഞ്ചുകോടി രൂപ പി.പി കിരൺ ദീപക്കിന് കൈമാറിയെന്നായിരുന്നു ഇ.ഡി യുടെ കണ്ടെത്തൽ. അതിനിടെ. തട്ടിപ്പ് നടന്ന കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളുമായുള്ള അർബൻ ബാങ്കുകളുടെ ബന്ധം പരിശോധിക്കാൻ ആർബിഐ വിളിച്ച അർബൻ ബാങ്ക് പ്രതിനിധികളുടെ യോഗം കൊച്ചിയിൽ ചേർന്നു. കരുവന്നൂർ ബാങ്കുമായി രണ്ട് അർബൻ ബാങ്കുകൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു യോഗം.