Kerala
homas Isaac
Kerala

'ഇ.ഡി വെറും ബിജെപി ഏജൻസിയാണ്'; തോമസ് ഐസക്ക്

Web Desk
|
8 Feb 2024 9:04 AM GMT

കോടതി പറഞ്ഞാൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു

കൊച്ചി: മസാല ബോണ്ട് കേസിലെ ഇ.ഡി നോട്ടീസിൽ പ്രതികരിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്. കോടതി പറഞ്ഞാൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത് കോടതി അലക്ഷ്യമാണെന്നും സ്റ്റേ നേടുന്നതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇ.ഡി നടപടിയിൽ ഭയമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇ.ഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാലാണ് പോകാൻ മടി. ഇ.ഡി വെറും ബിജെപി ഏജൻസിയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.



മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇന്നലെ വീണ്ടും ഇ. ഡി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡി നടപടി. ഹൈക്കോടതി ഇടപെടലിനു ശേഷം രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല.


ഇ.ഡി അയച്ച സമൻസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹരജി നൽകിയത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts