ക്വാറി ഇടപാടിലെ കള്ളപ്പണ കേസ്; പി.വി അന്‍വറിനെ ഇ.ഡി ഇന്നും ചോദ്യം ചെയ്തേക്കും
|ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യാൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്
കൊച്ചി: ക്വാറി ഇടപാടിലെ കള്ളപ്പണ കേസിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തേക്കും. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യാൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറി ഇടപാട് കേസിൽ എം.എൽ. എയുടെ ചോദ്യം ചെയ്യൽ ഇന്നും തുടർന്നേക്കും. ഇന്നും കൊച്ചിയിലെ ഇ ഡി ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. ക്വാറി ഇടപാടിന് പുറമെ സ്വർണ ഇടപാടുകളിലും ആഫ്രിക്കയിലെ ബിസിനസ് എന്നിവയിലും ഇ.ഡി വിവരം തേടി. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം.
2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് എം.എൽ.എ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. എം.എൽ.എക്ക് ക്വാറി വിറ്റ ഇബ്രാഹിമിനെയും പരാതിക്കാരനായ സലീമിനെയും നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.