കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്
|കേസിൽ ഇ.ഡി അന്വേഷണമെത്തുന്ന മൂന്നാമത്തെ സിപിഎം ഉന്നതനാണ് എം.എം വർഗീസ്.
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം കൂടുതൽ സിപിഎം ഉന്നതരിലേക്ക്. തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
നേരത്തെ കേസിലെ പ്രതികളെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ ചില പ്രതികൾ എം.എം വർഗീസിനെതിരെ മൊഴി നൽകിയെന്നാണ് വിവരം. അതുപ്രകാരമാണ് ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്.
കേസിൽ ഇ.ഡി അന്വേഷണമെത്തുന്ന മൂന്നാമത്തെ സിപിഎം ഉന്നതനാണ് വർഗീസ്. നേരത്തെ മുൻ മന്ത്രി എ.സി മൊയ്തീനും എം.കെ കണ്ണനും നോട്ടീസ് നൽകുകയും രണ്ട് തവണ കൊച്ചി ഓഫീസിൽ വിളിച്ചവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ, കേസിലെ ആദ്യ കുറ്റപത്രം ഇ.ഡി പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. 50 പേരും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്.