Kerala
ED questions CPM leader MK Kannan in Karuvannur bank fraud case
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: സിപിഎം നേതാവ് എം.കെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുന്നു

Web Desk
|
25 Sep 2023 5:55 AM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറുമായി ബന്ധപ്പെട്ട ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റയംഗം എം.കെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. കണ്ണൻ പ്രസിഡന്റായ തൃശൂർ ജില്ലാ സർവീസ് സഹകരണബാങ്കിൽ നേരത്തെ ഇ.ഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ട റെയ്‍ഡാണ് നടത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറുമായി ബന്ധപ്പെട്ട ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുകൂടാതെ കൊടുങ്ങല്ലൂർ സ്വദേശിയെടുത്ത വായ്പയുമായി ബന്ധപ്പെട്ട പരാതിയും ഇ.ഡിക്ക് മുന്നിലുണ്ട്. സതീഷ്‌കുമാർ മുഖാന്തരമാണ് ഇദ്ദേഹം കൊടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നത്.

സതീഷ്‌കുമാറിനെ ഈ വ്യക്തിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എം.കെ കണ്ണനാണെന്നും പരാതിയിൽ പറയുന്നുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയും. തൃശൂർ ജില്ലാ സഹകരണബാങ്കിലെ സതീഷ്‌കുമാറിന്റെ അക്കൗണ്ട് വിവരങ്ങളും അയാൾ നടത്തിയ മുഴുവൻ ഇടപാടിന്റേയും വിവരങ്ങൾ കഴിഞ്ഞദിവസം ഇ.ഡി റെയ്ഡിൽ കണ്ടെത്തി കൊണ്ടുപോയിരുന്നു.

ഇതിന്റെ കൂടി സാഹചര്യത്തിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഏകദേശം 5000ഓളം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ.ഡി കൊണ്ടുപോയെന്നും സതീഷന് ചെറിയ നിക്ഷേപം മാത്രമാണ് ഉണ്ടായിരുന്നതെന്നും റെയ്ഡിനു പിന്നാലെ എം.കെ കണ്ണൻ പറഞ്ഞിരുന്നു. സതീഷന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത വരുത്തുക കൂടിയാണ് ചോദ്യം ചെയ്യലിന്റെ ഉദ്ദേശം.

Similar Posts