Kerala
ED, KK Abraham, Congress, Wayanad, ഇ.ഡി, വയനാട്, കെകെ എബ്രഹാം, കോണ്‍ഗ്രസ്
Kerala

കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്‌

Web Desk
|
9 Jun 2023 10:57 AM GMT

ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെ.കെ എബ്രഹാമിന്‍റെ വീട്ടില്‍ ഇ.ഡി എത്തിയത്

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ പ്രതികളുടെ വീട്ടിൽ ഇ.ഡി പരിശോധന. കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാം, ബാങ്ക് മുൻ സെക്രട്ടറി രമാദേവി, തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത കർഷകൻ്റെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പെന്ന് കരുതുന്ന കത്ത് കണ്ടെത്തി.

വായ്പാ തട്ടിപ്പിൽ 4 മാസം മുൻപ് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലും പ്രതികളുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നത്. കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെ നടന്ന വായ്പാ തട്ടിപ്പിൽ കോടികളുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുച്ഛ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് ഭരണസമിതി കോടികൾ തട്ടിയെടുത്തതായി വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായ കർഷകരിലൊരാൾ ആത്മഹത്യ ചെയ്തിരുന്നു.

മരിച്ച രാജേന്ദ്രൻ നായരുടെ വീട്ടിൽ നിന്ന് ഇന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന കത്തിൽ സജീവൻ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് പറയുന്നത്. ബാങ്കിൽനിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമാണെന്നും ഇവർ ചതിച്ചതാണെന്നുമാണ് കുറിപ്പിലെ പരാമർശം. രാജേന്ദ്രൻ നായർ 25 ലക്ഷം രൂപ വായ്പ എടുത്തതായും പലിശയടക്കം 40 ലക്ഷം രൂപ തിരിച്ചടക്കാനുള്ളതായുമാണ് ബാങ്കിന്‍റെ രേഖകളിലുള്ളത്. അതിനിടെ റിമാൻഡിൽ കഴിയുന്ന കെ.കെ എബ്രഹാമിന്‍റെ ജാമ്യപേക്ഷ ഇന്ന് കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്. മറ്റൊരു പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ രമാദേവി റിമാൻഡിൽ ആണ്.

Similar Posts