സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി ഇ.ഡി കോടതിയിൽ അപേക്ഷ നൽകി
|സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റി. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിക്കായി ഇ.ഡി നീക്കമാരംഭിച്ചു. മൊഴിപ്പകർപ്പിനായി ഇ.ഡി കോടതിയിൽ അപേക്ഷ നൽകി. കസ്റ്റംസിന് നൽകിയ മൊഴി പരിശോധിച്ചതിന് ശേഷമാകും പുതിയ രഹസ്യമൊഴിയിലെ തുടർ നടപടികൾ.
സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റി. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന മുമ്പ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പനായി ഇ.ഡി കോടതിയെ സമീപിച്ചത്. സ്വപ്ന മൊഴി നൽകിയ അഡി. സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. ഈ മൊഴി ലഭിച്ചാൽ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷമാകും തുടർ നടപടിയുണ്ടാക്കുക.
കസ്റ്റംസിന് സ്വപ്ന മൊഴി നൽകിയപ്പോൾ തന്നെ ഇ.ഡി അതിന്റെ പകർപ്പാവശ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റംസ് അന്ന് ആ ആവശ്യത്തെ എതിർക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 50-ാം വകുപ്പ് പ്രകാരം സ്വപ്‌ന ഇ.ഡിക്ക് 11 മൊഴികൾ മുമ്പ് നൽകിയെങ്കിലു അതിലൊന്നും മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്കെതിരെ ആരോപണമുന്നയിച്ചിരുന്നില്ല.