കരുവന്നൂർ ബാങ്കിലെ സി.പി.എം അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്ന് ഇ.ഡി
|കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂർ ബാങ്കിലെ സി.പി.എം അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്ന് ഇ ഡി. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചു. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും.
കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ അനുവദിച്ചിരുന്നത് സി.പി.എമ്മിന്റെ പാർലമെന്ററി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. പിന്നാലെയാണ് ബാങ്കിൽ സി.പി.എമ്മിന് രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന ഇ.ഡിയുടെ ആരോപണം. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള ഈ അക്കൗണ്ടുകളിലേക്ക് സതീഷ് കുമാർ, പി.പി കിരൺ അടക്കമുള്ള പ്രതികൾ ചേർന്ന് തട്ടിയെടുത്ത ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയിട്ടുണ്ട്.
ബാങ്കിലെ തട്ടിപ്പുകൾ പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്നും തുക പിൻവലിച്ചു എന്നും ഇ.ഡി കണ്ടെത്തി. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്ന് ചോദ്യം ചെയ്യലിനിടെ എം.എം വർഗീസ് മൊഴി നൽകിയതായും ഇ.ഡി പറയുന്നു. അതിനിടെ കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ മൂന്നാമത്തെ പ്രാവശ്യവും ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്നലെയുമായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എം.എം വർഗീസ് അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നും ഇ.ഡി അറിയിച്ചു.