Kerala
highrich scam
Kerala

ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി

Web Desk
|
31 Jan 2024 1:02 AM GMT

മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ. ഡി പ്രതാപനും ഭാര്യയും ചേർന്ന് തട്ടിയെടുത്തത് 1157 കോടി

കൊച്ചി: തൃശൂരിലെ ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ. ഡി പ്രതാപനും ഭാര്യയും ചേർന്ന് തട്ടിയെടുത്തത് 1157 കോടി. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകൾ ഉണ്ടെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച എതിര്‍ സത്യവാങ്മൂലത്തിൽ പറയുന്നു.

നിക്ഷേപരിൽ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ അറിയിച്ചത്. വലിയ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പ്രതികൾ കോടികൾ സമാഹരിച്ചു. മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടിയാണ്. ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കാം എന്ന പേരിലും വലിയ തുക തട്ടിയെടുത്തു.

ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു. ഇത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി, കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ്‌, ഇരിങ്ങാലക്കുട, ചിറ്റൂർ, ചേർപ്പ് സുൽത്താൻബത്തേരി, എറണാകുളം സൗത്ത് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ 19 കേസുകൾ ഉണ്ടെന്നും ഇ.ഡി അറിയിച്ചു. ഒരു ഘട്ടത്തിലും കേസ് അന്വേഷണവുമായി പ്രതികൾ സഹകരിച്ചിട്ടില്ല. കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ ആവശ്യം.



Related Tags :
Similar Posts