പ്രതികളുമായി 40 കോടിയുടെ ഒ.ടി.ടി ഇടപാട്: ഹൈറിച്ച് തട്ടിപ്പ് കേസില് വിജേഷ് പിള്ളയെ ഇ.ഡി ചോദ്യം ചെയ്യും
|സ്വർണ്ണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള
കൊച്ചി : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ വിജേഷ് പിള്ളയെ ഇ.ഡി ചോദ്യം ചെയ്യും. പ്രതികളുമായി നടത്തിയ 40 കോടിയുടെ ഒ.ടി.ടി ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള. ഹൈറിച്ച് കേസിലെ ഒന്നും രണ്ടും പ്രതികളെയും ഇഡി ചോദ്യം ചെയ്യുകയാണ്.
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്ത് ഇടപെടൽ നടത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോടെയാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ളയുടെ പേര് ആദ്യമായി പൊതു മധ്യത്തിൽ ചർച്ചയായത്. ഇക്കാര്യത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പെന്ന് ഇ.ഡി പറയുന്ന ഹൈറിച്ച് കേസിലും വിജേഷ് പിള്ളയെ ചോദ്യം ചെയ്യാനുള്ള തീരുമാനം.
ഒ.ടി.ടി പ്ലാറ്റ്ഫോം സംബന്ധിച്ച സാമ്പത്തിക ഇടപാടിൽ പ്രതികളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും 40 കോടി രൂപ വിജേഷ് പിള്ളയ്ക്ക് നൽകിയിരുന്നു. ഈ സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം ആണോ ഇതെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്. ഇന്നും ഹാജരാകാത്ത സാഹചര്യത്തിൽ വിജേഷ് പിള്ളയ്ക്ക് വീണ്ടും നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് ഇ.ഡി. അതിനിടെ കെ.ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി, മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഫീ എന്നിവ വഴി പ്രതികൾ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ഇ.ഡി . പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാകും ഇരുവരുടെയും അറസ്റ്റിലേക്ക് കടക്കുക. ഒളിവിൽ ആയിരുന്ന ഇരുവരും ഇ.ഡിക്ക് മുന്നിൽ ഹാജരായതിന് പിന്നാലെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യപേക്ഷയും പിൻവലിച്ചിട്ടുണ്ട്.