സൈബി ജോസിനെതിരായ പരാതിയിൽ ഇ.ഡിയും അന്വേഷിക്കും
|10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മൊഴിയിലാണ് നടപടി
കൊച്ചി: അഭിഭാഷകൻ സൈബി ജോസിനെതിരായ പരാതിയിൽ ഇ.ഡിയും അന്വേഷിക്കും. ഇതിനായി ആന്വേഷണ സംഘത്തിന് കത്ത് നൽകും. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മൊഴിയിലാണ് നടപടി.
കൈക്കൂലി കേസിൽ സൈബി ജോസ് കിടങ്ങൂരിനെതിരായ പൊലീസിന്റെ എഫ്ഐആർ ഇന്നലെ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി കെ. എസ് സുദർശനന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സൈബി ഹൈക്കോടതിയെ സമീപിച്ചേക്കും.
സൈബി ജോസ് ജഡ്ജിമാരിൽ നിന്നും അനുകൂല വിധി വാങ്ങി നൽകാമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് അമിത പണം ഈടാക്കിയെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.2020 ജൂലൈ മുതൽ കഴിഞ്ഞവർഷം ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഇത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിരുന്നത്. എഡിജിപി ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി. കെ എസ് സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ ഹൈക്കോടതി വിജിലൻസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ എന്നിവർ തയാറാക്കിയ റിപ്പോർട്ടുകൾ പഠിച്ച ശേഷമാവും മറ്റു നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
ആദ്യ ഘട്ടത്തിൽ കൈക്കൂലി നൽകി എന്ന് പറയപ്പെടുന്നവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അതിനു ശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റുമുണ്ടാകും.
എഫ്‌ഐആറിൽ തിരുത്തലിനായി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. 'ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെ' എന്ന വാചകം കൂട്ടി ചേർക്കാനാണ് അപേക്ഷ. പ്രതിക്ക് ചതിചെയ്ത് അന്യായ ലാഭം ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയും കരുതലോടെയും കൂടി' എന്നായിരുന്നു ആദ്യ വാചകം. ഇതിനൊപ്പമാണ് ജഡ്ജിമാരെ കുറിച്ചുള്ള വാചകം കൂടി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നൽകിയത്.