Kerala
മലബാർ ജില്ലകളില്‍ അധിക പ്ലസ് വണ്‍ ബാച്ച് വേണമെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു
Kerala

മലബാർ ജില്ലകളില്‍ അധിക പ്ലസ് വണ്‍ ബാച്ച് വേണമെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു

Web Desk
|
8 Oct 2021 3:13 PM GMT

മലപ്പുറത്തെ ഏഴ് താലൂക്കുകളിലായി 167 അധിക ബാച്ചുകള് വേണമെന്നാണ് റിപ്പോർട്ടിലുള്ളത്

മലബാർ ജില്ലകളില്‍ അധിക പ്ലസ് വണ്‍ ബാച്ച് വേണമെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു. ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗം ഈ വർഷം ജനുവരിയിലാണ് അധിക ബാച്ച് വേണമെന്ന റിപ്പോർട്ട് നല്‍കിയത്. മലപ്പുറത്ത് മാത്രം 167 ബാച്ചുകള്‍ വേണമെന്നായിരുന്നു നിർദേശം.

എസ്എസ്എല്‍സി ഫലം വരുന്നതിന് മുമ്പെ തന്നെ സീറ്റ് ക്ഷാമം മുന്‍കൂട്ടി കണ്ടാണ്‌ അലോട്ട്മെന്റിനറെ ചുമതലയുള്ള വിദ്യാഭ്യാസ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം സർക്കാരിന് റിപ്പോർട്ട് നല്‍കിയത്‌. കഴിഞ്ഞ വർഷങ്ങളിലെ പ്രവേശനത്തിന്റെ ശരാശരി വെച്ചുള്ള റിപ്പോർട്ടില്‍ മലപ്പുറം ജില്ലയെ ഒരു കേസ് സ്റ്റഡിയായി എടുത്തു. മലപ്പുറത്തെ ഏഴ് താലൂക്കുകളിലായി 167 അധിക ബാച്ചുകള്‍ വേണമെന്നാണ് റിപ്പോർട്ടിലുള്ളത്.

കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി മലബാറിലെ മറ്റു ജില്ലകളിലും സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് വേണമെന്നാണ് ഐ സി റ്റിയുടെ നിർദേശം. മലപ്പുറത്ത് 50,323 വിദ്യാർഥികള്‍ പ്ലസ് വണിന് അപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഐസിറ്റി റിപ്പോർട്ട്. എന്നാല്‍ 77837 വിദ്യാർഥികളാണ് ഇത്തവണ അപേക്ഷ നല്കിയത്. അതായത് ഐസിറ്റി ശുപാര്‍ശ ചെയ്തതിനേക്കാള്‍ കൂടുതല്‍ ബാച്ചുകള്‍ മലപ്പുറത്ത് വേണ്ടിവരും.

പ്രവേശനം തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പെ അധിക ബാച്ചുകള്‍ വേണ്ടിവരുമെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് മുന്നിലുണ്ടായിരുന്നു. ഇത് അവഗണിച്ച വിദ്യാഭ്യാസ വകുപ്പ് സാമ്പത്തിക ബാധ്യത മുന്‍നിർത്തി അധിക ബാച്ച് വേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്തു. പ്ലസ് വണ് സീറ്റ് ക്ഷാമം വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഐസിറ്റിയുടെ റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയും.

Similar Posts