കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം
|പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഫോണും പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തതായി പൊലീസ് റിപ്പോർട്ട് നൽകിയ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം. റിബേഷിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ തോടന്നൂർ എഇഒക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
വടകര ആറങ്ങോട് എംഎൽഎപി സ്കൂൾ അധ്യാപകനാണ് കാഫിർ സ്ക്രീന് ഷോട്ട് ആദ്യം ഷെയർ ചെയതായി പൊലീസ് കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന്‍. വിദ്യാർഥികള്‍ക്ക് വെളിച്ചം പകരേണ്ട അധ്യാപകന്‍ വർഗീയ വിഭജനമുണ്ടാക്കിയെന്ന് കാണിച്ച് യൂത്ത് കോണ്ഗ്രസ് നേതാവ് വി.പി. ദുല്‍കിഫില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിബേഷിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയത്.
അതിനിടെ കാഫിർ കേസിൽ പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഫോണും പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു. കാഫിർ പോസ്റ്റ് കാസിമിന്റെ ഫോണ് മുഖേന ഷെയ്ർ ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അന്വേഷണം പൂർത്തീകരിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വടകര പൊലീസ് വിശദീകരിച്ചു.
ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായും നിരപരാധിത്വം തെളിയുമെന്ന് ഉറപ്പാണെന്നും കാസിം മീഡിയവണിനോട് പറഞ്ഞു. വർഗീയ സ്വഭാവത്തിലുള്ള കാഫിർ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി ഇന്നലെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.