Kerala
education minister says 14 plus two batches will be transferred to malappuram district
Kerala

14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി

Web Desk
|
12 Jun 2023 5:23 AM GMT

കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിന് ഒരു രഹസ്യ സ്വഭാവവുമില്ല. നിലവിൽ റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന പ്രസ്താവനകൾ ആരോഗ്യകരമല്ല. എല്ലാ ജില്ലകളെയും സർക്കാർ ഒരുപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണിന് ആകെ 4,59,330 അപേക്ഷകളാണ് ലഭിച്ചത്. ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിൽ 3,70,590 സീറ്റുകളാണുള്ളത്. വി.എച്ച്.എസ്.ഇയിൽ 33,030 സീറ്റുകളുണ്ട്. അൺ എയ്ഡഡ് മേഖലയിലെ 54,585 സീറ്റുകളടക്കം ആകെ 4,58,205 സീറ്റുകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ആകെ 80,922 അപേക്ഷകരാണുള്ളത്. ഗവൺമെന്റ്, എയ്ഡഡ് മേഖലകളിലായി 55,590 സീറ്റുകളുണ്ട്. അൺ എയ്ഡഡ് മേഖലയിൽ 11,286 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 2,820 സീറ്റുകളുമാണുള്ളത്. അൺ എയ്ഡഡിൽ ഒരാൾ പോലും ചേരുന്നില്ലെങ്കിൽ ഇനി 22,512 സീറ്റുകളാണ് വേണ്ടത്. അൺ എയ്ഡഡ് കൂടി പരിഗണിച്ചാൽ 11,226 സീറ്റുകൾ മതിയാവും.

മാർജിനൽ സീറ്റ് വർധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ ഒരു രഹസ്യസ്വഭാവവും ഇല്ല. നിലവിൽ റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യം ഉള്ളതായി തോന്നിയിട്ടില്ല. കാർത്തികേയൻ കമ്മിറ്റി സർക്കാരിന് കണക്കുകൾ പഠിക്കാൻ വേണ്ടിയുള്ള സമിതിയാണെന്നും മന്ത്രി പറഞ്ഞു.

Similar Posts