'ഒറ്റത്തന്ത' പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായിക മേളയിലേക്ക് ക്ഷണിക്കാം: മന്ത്രി ശിവൻകുട്ടി
|തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്
കൊച്ചി∙ ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നയം നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ആംബുലന്‍സിലോ മറ്റോ കയറി അദ്ദേഹം രഹസ്യമായി വേദിയിലേക്ക് വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമർശം. എന്നാൽ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
"സര്‍ക്കാരിന്റെ നയം നേരത്തേ വ്യക്തമാക്കി കഴിഞ്ഞു. 'ഒറ്റത്തന്ത' പ്രയോഗം പിന്‍വലിച്ചാല്‍ ക്ഷണിക്കും. സമാപന സമ്മേളനം അടക്കം ഇനിയും നടക്കാനുണ്ട്. പ്രയോഗം തിരുത്താന്‍ അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലന്‍സിലോ മറ്റോ കയറിവരുമോ എന്ന് പറയാന്‍ പറ്റില്ല. അദ്ദേഹം കേന്ദ്രമന്ത്രിയാണ്, വന്നാല്‍ വേദിയില്‍ കസേര കൊടുക്കും. അത് ഞങ്ങളുടെ മാന്യതയാണ്"-ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ‘‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപിയെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്.