പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ; സമരം ചെയ്ത യു.ഡി.എഫ് സെനറ്റ് അംഗങ്ങൾക്കെതിരെ കേസ്
|രജിസ്ട്രാറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്
കോഴിക്കോട്: പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് സെനറ്റംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു.കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സെനറ്റ് അംഗങ്ങളായ ഡോ റഷീദ് അഹമ്മദ്, ആബിദ ഫറൂഖി, അമീൻ റാഷിദ്, വി കെ എം ഷാഫി, റഈസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രജിസ്ട്രാറെയും പരീക്ഷ കൺട്രോളറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മർദിച്ചു എന്ന പരാതികളിൽ മൂന്ന് കേസാണ് തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ് , അൻവർ ഷാഫി എന്നിവർക്കെതിരെയും തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തിൽ തീരുമാനിച്ച പരീക്ഷകൾ മാറ്റിയിരുന്നു. 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.ഈ പരീക്ഷകൾ ഏപ്രിൽ 16ന് നടക്കും. 11-ാം തീയതി പരീക്ഷകൾ ഇല്ലെന്നാണ് മീഡിയവൺ വാർത്തക്ക് മറുപടിയായി നേരത്തെ സർവകലാശാല പറഞ്ഞിരുന്നത്. 11-ാം തീയതി പെരുന്നാളായാൽ 12-ാം തീയതിയിലെ പരീക്ഷ മാറ്റിവെക്കും. ആഘോഷദിവസങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തില്ല. സർക്കാർ ഉത്തരവ് ലംഘിച്ച് പരീക്ഷ നടത്തുന്ന വാർത്ത മീഡിയവണാണ് റിപ്പോർട്ട് ചെയ്തത്.