17 ദിവസത്തിനിടെ എട്ട് മരണം; ഡെങ്കിപ്പനി ഭീതിയൊഴിയാതെ എറണാകുളം ജില്ല
|ഈമാസം ഇതുവരെ 282 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
എറണാകുളം: പ്രരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെങ്കിലും ഡെങ്കിപ്പനി ഭീതിയൊഴിയാതെ എറണാകുളം ജില്ല. ഡെങ്കിപ്പനി കണക്കുകളിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്താണ് എറണാകുളം. ഈ മാസം ഇതുവരെ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മെയ് മാസം വരെ ആറ് മരണം സ്ഥിരീകരിച്ചിടത്താണ് ജൂണിൽ മാത്രം 17 ദിവസം കൊണ്ട് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈമാസം ഇതുവരെ 282 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്നലെ 61 പേരാണ് ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയെത്തിയത്. ഇതിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജില്ലയുടെ കിഴക്കൻ മേഖലകളിലും തൃക്കാക്കരയിലുമാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊച്ചിൻ കോർപ്പറേഷൻ പരിധിയിലും ഡെങ്കി ബാധിതരുടെ എണ്ണം കുറവല്ല.
രോഗ വ്യാപനം കുടുതലുള്ള തൃക്കാക്കര , ചൂർണിക്കര, വാഴക്കുളം മൂക്കന്നൂർ, , കുട്ടമ്പുഴ, പായിപ്ര, എടത്തല പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളാണ്. ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറൽ പനികളും വ്യാപകമാണ്. 17 ദിവസത്തിനിടെ 13,526 പേരാണ് പനിക്കടക്കയിലായത്. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന നടപടികളടക്കം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരായ നടപടിയും ശക്തമാക്കിയിട്ടുണ്ട്.