ആലുവയിൽ ഗുണ്ടാ ആക്രമണം നടത്തിയത് എട്ടംഗ സംഘമെന്ന് പൊലീസ്
|പ്രതികൾ ജില്ലയ്ക്ക് പുറത്തുള്ള ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ
ആലുവ: എറണാകുളം ജില്ലയിലെ ആലുവയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ആക്രമണത്തിൽ വെട്ടേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. സുലൈമാനെ ചുറ്റിക കൊണ്ടടിച്ച് താഴെയിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കാറിലും ബൈക്കുകളിലുമായാണ് പ്രതികൾ എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
ക്വട്ടേഷൻ സംഘം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് പോലീസ് അനുമാനം. ആക്രമണത്തിനു ശേഷം ഗുണ്ടാസംഘം ജില്ലക്ക് പുറത്തുകടന്നിരിക്കുമെന്നാണ് പോലീസിന് ലഭിച്ച വിവരം