കിണറ്റിൽ വീണ രണ്ടുവയസുകാരന് രക്ഷകയായി എട്ട് വയസുകാരി സഹോദരി; ദിയാ ഫാത്തിമക്ക് അഭിനന്ദന പ്രവാഹം
|ആരോഗ്യമന്ത്രി വീണാജോർജ് വീഡിയോ കോൾ വഴി ദിയയെ അഭിനന്ദിച്ചു
മാവേലിക്കര: കിണറ്റിൽ വീണ രണ്ടുവയസുകാരന് രക്ഷിച്ച എട്ട് വയസുകാരിയായ സഹോദരിക്ക് അഭിനന്ദന പ്രവാഹം. മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകളായ ദിയ ഫാത്തിമയാണ് നാടിന്റെ മുഴുവൻ താരമായത്.
അനിയനായ ഇവാനാണ് കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. ഇതു കണ്ട ദിയ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിലൂടെ ഇറങ്ങി അനിയനെ എടുത്തുയർത്തി പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഈ സമയം മറ്റൊരു സഹോദരി ഓടിപ്പോയി ഉമ്മയോടും അയൽവാസികളോടും കാര്യം പറയുകയായിരുന്നു. ഓടിയെത്തിയ അയൽവാസികളാണ് ദിയയെയും അനിയനെയും കിണറ്റിലിറങ്ങി മുകളിൽ എത്തിച്ചത്.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നാനാഭാഗത്തുനിന്നും ദിയയെ തേടി അഭിനന്ദനങ്ങളെത്തി. ആരോഗ്യമന്ത്രി വീണാജോർജ് ചെയ്ത് ദിയയെ അഭിനന്ദിച്ചു. ഇതിന് പുറമെ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് മുഖേന മിഠായിപ്പൊതികളും നൽകി. അനിയൻ വീണപ്പോൾ അവനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു തോന്നിയതെന്നും പേടിയൊന്നും തോന്നിയില്ലെന്നും ദിയ പറയുന്നു.