ഇലന്തൂർ നരബലി: പ്രതികളെ ഇന്നും ചോദ്യം ചെയ്യും
|ഇന്നലെ നടത്തിയ തെരച്ചിലിൽ വീടിന്റെ പരിസരത്ത് നിന്നും കത്തിയും, കയറുകളും കണ്ടെടുത്തു
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ പ്രതികളെ ഇന്നും ചോദ്യം ചെയ്യും.ഇന്നലെ പത്മത്തിന്റെ മൊബൈൽ ഫോൺ, പാദസരം എന്നിവയ്ക്കായി പ്രതികളേയും കൊണ്ട് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭഗവൽ സിങിന്റെ വീട്ടിൽ നിന്ന് കത്തിയും, പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും പൊലീസ് കണ്ടെടുത്തു.
കൊലപാതകത്തിന് ശേഷം പദ്മത്തിന്റെ മൊബൈൽ ഫോൺ വീടിന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു എന്നായിരുന്നു ഭഗവൽ സിങിന്റെ മൊഴി. ഇത് കണ്ടെത്താനാണ് പ്രതികളെ ഇലന്തൂരിൽ കൊണ്ട് വന്ന് പരിശോധന നടത്തിയത്. ഭഗവൽ സിംഗ് കാട്ടിയ സ്ഥലത്ത് രണ്ട് മണിക്കൂറിലേ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഷാഫി നടത്തിയ ചാറ്റുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അതിനാൽ ഈ തെളിവുകൾ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.പദ്മത്തിന്റെ കൊലുസ്സ് കണ്ടെത്തുന്നതിനായി മുഖ്യപ്രതി ഷാഫിയുമായി ആലപ്പുഴ രാമങ്കരിയിലും അന്വേഷണ സംഘം പരിശോധന നടത്തി. AC റോഡിൽ രാമങ്കരി പള്ളിക്കൂട്ടുമ്മയിലെ തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ചെങ്ങന്നൂരിലെത്തിച്ചും ഷാഫിയുമായി തെളിവെടുപ്പ് നടത്തി.തെരച്ചിൽ വിഫലമായതോടെ അന്വേഷണ സംഘം പ്രതികളേയും കൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.
എന്നാൽ ഇന്നലെ നടത്തിയ തെരച്ചിലിൽ വീടിന്റെ പരിസരത്ത് നിന്നും കത്തിയും, കയറുകളും കണ്ടെടുത്തു. ഇത് പത്മത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാണെന്നാണ് സൂചന. നിലവിൽ തിങ്കളാഴ്ച വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉളളത്. കോടതിയിൽ ഹാജരാക്കിയ ശേഷം റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം