കെ.എം ഷാജിയുടെ ഇടപെടലോടെ വീണ്ടും ചർച്ചയായി എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്
|എഡിജിപി അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളോടൊപ്പം ഇതു കൂടി ഉള്‍പ്പെട്ടതോടെ പുനരന്വേഷണ ആവശ്യവും ശക്തമായി
കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ഇടപെടലോടെ എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ് വീണ്ടും ചർച്ചയാകുന്നു. ഷാരൂഖ് സെയ്ഫി എന്നൊരു പ്രതിയില്‍ കേസ് അവസാനിപ്പിച്ചപ്പോള്‍ തന്നെ പല സംശയങ്ങളും ഉയർന്നിരുന്നു. എഡിജിപി അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളോടൊപ്പം ഇതു കൂടി ഉള്‍പ്പെട്ടതോടെ പുനരന്വേഷണ ആവശ്യവും ശക്തമായി.
എന്തുകൊണ്ട് ഷാരൂഖ് സെയ്സ്ഫി എന്ന ഡല്‍ഹി സ്വദേശി ഒരു സ്ഫോടനം നടത്താന്‍ കേരള തെരഞ്ഞെടുത്തു. ഒരിക്കല്‍ പോലും കേരളം സന്ദർശിക്കാത്ത ഒരാള്‍ക്ക് ആരുടെയും സഹായം കൂടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്യാനായി ആക്രമണത്തിന് ശേഷം പ്രതി എങ്ങനെ സുരക്ഷിതമായി കണ്ണൂരെത്തി, അവിടെ മണിക്കൂറുകള്‍ തങ്ങിയ ശേഷം കേരളത്തിന് പുറത്തേക്ക് പോകാന്‍ കഴിഞ്ഞു. എലത്തൂർ ട്രെയിന്‍ അന്വേഷണക്കേസിന്‍റെ അന്വേഷണം അവസാനിച്ചപ്പോള്‍ ഉയർന്ന ഈ ചോദ്യങ്ങള്‍ക്കൊന്നും അന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മറുപടിയൊന്നുമുണ്ടായില്ല.
ഷാരൂഖ് സെയ്ഫയുടെ ജന്മസ്ഥലമായ ശാഹീന്‍ ബാഗിനെക്കുറിച്ചും അയാളുടെ പ്രേരണയെക്കുറിച്ചുമുള്ള എഡിജിപി എം. ആർ അജിത്കുമാറിന്‍റെ പ്രതികരണവും സംശയത്തിന് ഇടയാക്കിയിരുന്നു. അജിത് കുമാറിന്‍റെ ആർഎസ്എസ് ബന്ധങ്ങള്‍ വിവാദമായിരിക്കെ ലീഗ് നേതാവ് കെ. എം ഷാജി അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത് പുതിയ ചർച്ചയാവുകയാണ്. ഷാരൂഖ് സെയ്ഫിയുടെ പിതാവ് കൊച്ചിയില്‍ മരിച്ചതുള്‍പ്പെടയുള്ളവയിലെ ദൂരൂഹതയും ഷാജി ഉന്നയിക്കുന്നുണ്ട്. സംശയങ്ങള്‍ ദൂരീകരിക്കുന്ന രീതിയില്‍ സ്വതന്തമായ അന്വേഷണം വേണമെന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്.