വ്യാജ മേൽവിലാസത്തിൽ ചികിത്സ തേടി; ഷാറൂഖ് സെയ്ഫിയെ കുടുക്കിയത് ഒപി ടിക്കറ്റ്
|കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കുടുക്കിയത് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ്. ഇയാൾ വ്യാജ മേൽവിലാസത്തിലാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്.
കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ ഷാരൂഖ് സെയ്ഫി.
ഷാറൂഖ് സെയ്ഫിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്.
കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.
പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്സ്മാരുടെയും മൊഴിയെടുത്തിരുന്നു. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ പൊലീസും സംയുക്താമായാണ് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്. ഏതെങ്കിലും തരത്തിൽ പ്രതിയിൽ എത്തിച്ചേരാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ആലപ്പുഴ എക്സ്പ്രസ് കണ്ണൂരിൽ എത്തിയതിനു ശേഷമാണ് പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്