എലത്തൂർ ട്രെയിൻ ആക്രമണം; സ്ഥലത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന
|എഡിജിപി എംആർ അജിത് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി
കോഴിക്കോട്: എലത്തൂർ സംഭവസ്ഥലത്ത് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. 18 അംഗ അന്വേഷണസംഘത്തെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുകയും ഓരോ ടീമിനും പ്രത്യേക ടാസ്ക്കുകൾ നൽകുകയും ചെയ്‌തിരുന്നു. അന്വേഷണസംഘ തലവൻ എംആർ അജിത് കുമാറിന്റേതായിരുന്നു നടപടി. ഇതിന്റെ ഭാഗമായാണ് ഒരു വിഭാഗം അന്വേഷണസംഘം റെയിൽവേ ട്രാക്കിലെത്തി പരിശോധന നടത്തിയത്.
മൃതദേഹങ്ങൾ കണ്ട ഭാഗത്തും ബാഗ് കണ്ടെത്തിയ ഭാഗത്തുമാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘത്തിലുള്ള എസിപി പി ബിജുരാജ്, ഡിവൈഎസ്‌പി വിവി ബെന്നി, സിഐ ബൈജു ജോസ്, സിഐ പിഎം മനോജ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് ട്രാക്കിലെത്തി പരിശോധന നടത്തിയത്.
പിന്നാലെ എഡിജിപി എംആർ അജിത് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ മീറ്റിങ് നടന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ മീറ്റിങ് അവസാനിച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ ട്രാക്കിൽ പരിശോധനക്കെത്തിയത്.
യോഗത്തിൽ എന്തൊക്കെ കാര്യങ്ങൾ ചർച്ചയായെന്നോ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനോ എഡിജിപി തയ്യാറായിരുന്നില്ല. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.