Kerala
Elathur train attack: Police say that what is on CCTV is not the culprit, ഏലത്തൂർ ട്രെയിൻ തീവെപ്പ്: സി.സി.ടിവിയിൽ ഉള്ളത് പ്രതിയല്ലെന്ന് പൊലീസ്, breaking news, ഏറ്റവും പുതിയ മലയാള വാർത്തകള്‍
Kerala

എലത്തൂർ ട്രെയിൻ തീവെപ്പ്: സി.സി.ടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

Web Desk
|
3 April 2023 9:04 AM GMT

സി.സി.ടിവിയിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നും പൊലീസ്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളല്ല പ്രതിയെന്ന് പൊലീസ്. സി.സി.ടിവിയിൽ ദൃശ്യങ്ങളിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയേയാണെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ റെയിൽവേ പൊലീസ് ഇയാളായിരിക്കാം പ്രതിയെന്ന് സംശയിച്ചിരുന്നു.

യഥാർത്ഥ അക്രമിയുടെ കാലിന് പൊള്ളലേറ്റിരുന്നു. എന്നാൽ സി.സി.ടി.വിയിൽ കാണുന്ന വിദ്യാർഥി പൊള്ളലേറ്റ രീതിയിലല്ല നടന്നിരുന്നത്. രേഖാചിത്രത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യം ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന്ന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് റെയിൽവെ പൊലീസിന് സംശയത്തിനിടയാക്കിയിരുന്നു. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴിയും നൽകിയിരുന്നു.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.


Similar Posts