എലത്തൂർ ട്രെയിൻ തീവെയ്പ്പ്: ഇന്ന് തെളിവെടുപ്പിന് സാധ്യത
|കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും
കോഴിക്കോട്:എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ ഇന്ന് തെളിവെടുപ്പ് നടത്താൻ സാധ്യത. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും പ്രതി ഷാരൂഖ് സെയ്ഫിയെ എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. അതിനുശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും.
കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായകമാണ്. പെട്രോൾ വാങ്ങിയതിന് പുറമേ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
കേസിന്റെ പശ്ചാത്തലത്തിൽ ട്രയിനുകളിൽ സുരക്ഷവർധിപ്പിക്കണമെന്ന പൊതുതാൽതര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ട്രെയിനിലെ എല്ലാ ബോഗികളിലും സിസിടിവി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.