എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരൂഖ് സെയ്ഫിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
|എലത്തൂരിലും ഷൊർണൂരിലുമാണ് ഇനി തെളിവെടുപ്പ് നടക്കേണ്ടത്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. എലത്തൂരിലും ഷൊർണൂരിലുമാണ് ഇനി തെളിവെടുപ്പ് നടക്കേണ്ടത്. ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളിൽ പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
ട്രെയിനിൽ ആക്രമണം നടത്തിയ എലത്തൂരിലും ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങുകയും 14 മണിക്കൂറോളം തങ്ങുകയും ചെയ്ത ഷൊർണൂരിലും എത്തിച്ചാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഇന്ന് തന്നെ കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രതി ഷൊർണൂരിലേക്ക് എത്തിയ സമ്പർക്രാന്തി ട്രെയിൻ കടന്നുപോയ ചില സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച് വരികയാണ്. ഷാരൂഖ് സൈഫിയോടൊപ്പം സഹായിയായി മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുക ആണ് ലക്ഷ്യം. സഹായമുണ്ടായിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളിലും പ്രതി ഒളിച്ചിരുന്ന കണ്ണൂരിലെ ഒന്നാം പ്ലാറ്റ്ഫോമിലും പ്രതിയെ എത്തിച്ച് അന്വേഷണ സംഘം ഇന്നലെ വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ അട്ടിമറി സാധ്യതകൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള ഭീകര വിരുദ്ധ സ്ക്വാഡും കോഴിക്കോട് എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് കോഴിക്കോട് എത്തിയത്.