എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്:ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും; എൻ.ഐ.എ സംഘവും കോഴിക്കോട്
|ഷാരൂഖ് ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന കുടുംബത്തിൻ്റെ ആരോപണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്
കോഴിക്കോട്: ട്രെയിൻ ആക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്ന ഷാറൂഖ് സെയ്ഫിയുടെ ഇന്ന് രാവിലത്തെ രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും പൊലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മഞ്ഞപ്പിത്ത ബാധയിൽ കുറവുണ്ടെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നില് ഹാജാരക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നത്.
ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഓൺലൈനായോ മറ്റോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാകും ശ്രമം. ഇന്നലെ ആശുപത്രിയിൽ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങൾ തിരക്കാനായി എൻ.ഐ.എ സംഘവും കോഴിക്കോട്ടുണ്ട്.
അതേസമയം, ഷാരൂഖ് സൈഫിയെ സംബന്ധിച്ച അന്വേഷണം ഡൽഹിയിലും പുരോഗമിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷാരൂഖിന് ഒപ്പം ട്രെയിൻ ടിക്കറ്റ് എടുത്തവരെ കണ്ടെത്തുകയാണ് അന്വേഷണത്തിൻ്റെ ലക്ഷ്യം. ഷാരൂഖിന് മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഇപ്പോഴും അന്വേഷണ ഏജൻസികൾക്ക് ഉണ്ട്. ഷാരൂഖ് ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന കുടുംബത്തിൻ്റെ ആരോപണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഷാരൂഖിൻ്റെ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പടെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര എടിഎസ് സംഘവും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.