എലത്തൂർ ട്രെയിന്‍ തീവെപ്പ്: കേസ് എന്‍.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യത വർധിച്ചു
|തീവ്രവാദ പ്രവർത്തനത്തിനുള്ള യുഎ പിഎ 16 ആം വകുപ്പാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് ചുമത്തിയത്
കോഴിക്കോട്: യു.എ.പി.എ ചുമത്തിയതോടെ എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ് എന്‍.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യത വർധിച്ചു. തീവ്രവാദ പ്രവർത്തനത്തിനുള്ള യുഎ പിഎ 16 ആം വകുപ്പാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് ചുമത്തിയത്. ഇതോടെ ട്രെയിന്‍ തീവെപ്പ് കേസിലെ തീവ്രവാദ ബന്ധവും സംസ്ഥാന പൊലീസ് തന്നെ സ്ഥിരീകരിക്കുകയാണ്. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി നാളെ അവസാനിക്കും.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊലപാതക ശ്രമം, ആസിഡ് പോലുള്ളവ ഉപയോഗിച്ച് ഗുരുതര പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇന്ത്യന്‍ റെയില്‍വെ നിയമത്തിലെ 151 ആം വകുപ്പുമാണ് പൊലീസ് ചുമത്തിയിരുന്നത്. ട്രെയിന്‍ തീവെയ്പ്പിനിടെ കൊല്ലപ്പെട്ട മൂന്നുപേരുടെ മരണത്തില്‍ പ്രതി ഷാറൂക് സെയിഫിക്ക് ഉത്തരവാദിത്തമുണ്ടെന്ന നിഗമനത്തില്‍ കൊലപാതകക്കുറ്റം ഐ പി സി 302 വകുപ്പ് രണ്ടാം ഘട്ടമായി ചുമത്തി.
അപ്പോഴും യു.എ.പി.എ ചുമത്തുന്നതില്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനമെടുത്തിരുന്നില്ല. ചോദ്യം ചെയ്യല്‍ ഒമ്പതു ദിവസം എത്തിയപ്പോഴാണ് തീവ്രവാദ കുറ്റം വരുന്ന യു.എ.പി.എ 16 ാം വകുപ്പ് പൊലീസ് ഷാരൂഖില്‍ ചുമത്തിയത്. കേസില്‍ സംസ്ഥാന പൊലീസ് തന്നെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻ.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യതയും വർധിച്ചു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലെത്തിയ എൻ.ഐ.എ സംഘം വിവരം ശേഖരിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തീവ്രവാദ ബന്ധം തള്ളാതെയായിരുന്നു റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഷാരൂഖിനായി ഡിഫന്‍സ് കൗണ്‍സല്‍ സമർപ്പിച്ച ജാമ്യാപേക്ഷയും 18നാണ് കോടതി പരിഗണിക്കുന്നത്.