Kerala
kozhikode elathur train attack shahrukh saifi updates
Kerala

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു

Web Desk
|
6 April 2023 12:55 AM GMT

സെയ്ഫിയുമായി വന്ന വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയിൽ കുടുങ്ങി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ നാടകീയതകൾക്കൊടുവിൽ കോഴിക്കോട്ടെത്തിച്ചു. അനൌദ്യോഗിക വാഹനങ്ങളിൽ റോഡ് മാർഗമാണ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. സെയ്ഫിയുമായി വന്ന വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയിൽ കുടുങ്ങി. കണ്ണൂരിൽ വെച്ച് പൊലീസിന് വഴിതെറ്റുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. തുടര്‍ന്ന് ഷഹീൻബാഗ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ കേരളത്തിൽ നിന്നുള്ള തീവ്രവാദ വിരുദ്ധസേന അന്വേഷണത്തിന് എത്തി. പ്രാദേശിക പൊലീസിന്‍റെ സഹായം അന്വേഷണ സംഘം തേടി. തുടർന്ന് എടിഎസിൽ നിന്നും ഡിവൈഎസ്പി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം ഷഹീൻബാഗിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടിൽ എത്തി. പ്രതിയുടെ മുൻകാല പ്രവർത്തനങ്ങൾ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനുള്ളിൽ ഡൽഹി പൊലീസിന്‍റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മാർച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

മഹാരാഷ്ട്രയിൽ വെച്ച് പൊലീസ് പിടികൂടിയത് തന്‍റെ മകനെ തന്നെ ആണെന്ന് ഷാരൂഖിന്‍റെ പിതാവും വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ഷാരൂഖ് കേരളത്തിൽ എത്തിയിട്ടുണ്ട് എങ്കിൽ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകും എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്‍റെ നിലപാട്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് പുറമെ കേരള പൊലീസ് അംഗങ്ങളും പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.



Similar Posts