എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്
|ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള എടിഎസ് സംഘം വിവരം ശേഖരിക്കുന്നത്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള എടിഎസ് സംഘം വിവരം ശേഖരിക്കുന്നത്. ഇന്ന് വൈകിട്ടോടെ അന്വേഷണം പൂർത്തിയാക്കി സംഘം കേരളത്തിലേക്ക് മടങ്ങിയേക്കും.
ഷാരൂഖ് പൊലീസ് പിടിയിലായിട്ടും മകൻ ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന് ആവർത്തിക്കുകയാണ് കുടുംബം. ഡൽഹിക്ക് പുറത്ത് ഇന്നേവരെ പോകാത്ത ഷാരൂഖ് മറ്റാരുടെയോ സഹായത്തോടെ ആണ് കോഴിക്കോട് എത്തിയത് എന്നാണ് കുടുംബം കരുതുന്നത്. ട്രെയിനിൽ തീവെപ്പ് നടത്താൻ മറ്റാരെങ്കിലും ഷാരൂഖിന് ഒപ്പം ഉണ്ടായിരുന്നോ എന്നതാണ് തീവ്രവാദ വിരുദ്ധ സേന ഉൾപ്പടെ അന്വേഷിക്കുന്നത്. പിടിച്ചെടുത്ത രേഖകളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് ഡൽഹി പൊലീസിൻ്റെ സഹായത്തോടെ ആണ് അന്വേഷണം പുരോഗമിക്കുന്നത്. ഷാരൂഖുമായി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്നവരിൽ നിന്ന് ഇന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.
നിലവിൽ ഒരു സംഘടനയുമായും ഷാരൂഖിന് ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും സ്ഥിരീകരണത്തിൽ എത്തും മുൻപ് എല്ലാ സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഷാരൂഖ് ജോലി ചെയ്ത നോയിഡ ഉൾപ്പടെയുള്ള ഇടങ്ങളിൽ ഒരിക്കൽ കൂടി അന്വേഷണ സംഘം എത്തും. ഇന്ന് തന്നെ അന്വേഷണം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്.