Kerala
Elderly couple brutally beaten up in Malappuram for demand lent money back
Kerala

കടം കൊടുത്ത പണം തിരിച്ചുചോദിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂര മർ​ദനം

Web Desk
|
12 Oct 2024 12:14 PM GMT

ആക്രമണത്തിൽ ‌പരിക്കേറ്റ അസൈനും പാത്തുമ്മയും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്കും മകനും ബന്ധുക്കൾക്കും ക്രൂര മർ​ദനം. വേങ്ങര സ്വദേശികളായ അസൈൻ, ഭാര്യ പാത്തുമ്മ, മകൻ മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ളവർക്കാണ് മർദനമേറ്റത്. ബഷീർ കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിന് വേങ്ങര പൂവളപ്പിൽ സ്വദേശി അബ്ദുൽ കലാമും മക്കളും ചേർന്നാണ് ഇവരെ മർദിച്ചത്. ആക്രമണത്തിൽ ‌പരിക്കേറ്റ അസൈനും പാത്തുമ്മയും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വീഡിന്റെ മുറ്റത്തും റോഡിൽവച്ചും മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബഷീർ തന്റെ സുഹൃത്തും അബ്ദുൽ കലാമിന്റെ മകനുമായ സപ്പർ എന്നുവിളിക്കുന്ന മുഹമ്മദ് എന്നയാൾക്ക് ഒന്നര വർഷം മുമ്പ് 23 ലക്ഷം രൂപ കടം കൊടുത്തിരുന്നു. മാസങ്ങൾക്കകം തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ പറഞ്ഞ അവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെ പലതവണ ചോദിച്ചെങ്കിലും കൊടുത്തില്ല. പൊലീസിനെ സമീപിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും പണം തിരികെനൽകാൻ മുഹമ്മദ് തയാറായില്ലെന്ന് കുടുംബം പറയുന്നു.

ഇതോടെ ഇന്നലെ ബഷീറും കുടുംബവും മുഹമ്മദിന്റെ വീടിന് സമീപം നിരാഹാര സമരം തുടങ്ങി. ഇതിനിടെയാണ് മുഹമ്മദും പിതാവായ അബ്ദുൽ കലാമും സംഘവുമെത്തി ബഷീറിനെയും ഉമ്മയെയും പിതാവിനേയും ക്രൂരമായി മർദിച്ചത്. ഇത് തടയാനെത്തിയ ബഷീറിന്റെ അയൽവാസി നജീബിനും മർദനമേൽക്കുകയും പല്ല് പോവുകയും ചെയ്തു. ബഷീറിന്റെ ഉമ്മ 62കാരിയായ പാത്തുമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൃദ്രോഗിയായ ഇവരുടെ തലയ്ക്കും നെഞ്ചിനുമടക്കം മർദനമേറ്റു.

നിലവിൽ തിരൂരങ്ങാടിയിലെ ആശുപത്രിയിലുള്ള പാത്തുമ്മയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ബഷീറിന്റെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സുഹൃത്ത് തന്നെ ഏൽപ്പിച്ച പണമാണ് ബഷീർ മു​ഹമ്മദിന് നൽകിയത്. സുഹൃത്ത് തിരിച്ചുചോദിക്കുമ്പോൾ തിരികെ വേണമെന്ന് പറഞ്ഞാണ് പണം നൽകിയത്. എന്നാൽ മുഹമ്മദ് വാക്ക് തെറ്റിച്ചു. ഇതിനിടെ ബഷീർ തനിക്ക് പണം നൽകിയയാൾക്ക് പലതവണയായി പണം നൽകുകയും ചെയ്തിരുന്നു എന്നും കുടുംബം പറയുന്നു.

അതേസമയം, യാതൊരു പ്രകോപനവും ഇല്ലാതെയാണ് അബ്ദുൽ കലാമും മക്കളും വന്ന് അടിച്ചതെന്നും ക്രൂരമായ മർദനമാണ് ഏറ്റതെന്നും ബഷീറിന്റെ സഹോദരൻ മീഡിയവണിനോട് പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.


Similar Posts