നീലേശ്വരത്ത് തേങ്ങയിടുന്നത് തടഞ്ഞ സംഭവം ; പൊലീസ് കേസെടുത്തു
|മൂന്ന് പരാതികളിലായി സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസ് എടുത്തത്
കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് വയോധികയുടെ പറമ്പിൽ തേങ്ങയിടുന്നത് തടഞ്ഞെന്ന പരാതിയിൽ എട്ടു പേർക്കെതിരെ കേസ്. സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ കേസിൽ പ്രതികളാണ്. അയൽവാസിയുടെ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് എതിരെയും കേസെടുത്തു.
സ്ഥലം ഉടമ നീലേശ്വരം പാലായിയിലെ എം.കെ രാധയുടെ കൊച്ചുമകൾ, തെങ്ങു കയറ്റ തൊഴിലാളി എന്നിവർ നൽകിയ പരാതികളിൽ സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ള 8 പേർക്കെതിരെയാണ് കേസ് എടുത്തത്. കൂടാതെ അയൽവാസി നൽകിയ പരാതിയിൽ തെങ്ങു കയറ്റ തൊഴിലാളി ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലം ഉടമ തൊഴിലാളിയുമായെത്തി തേങ്ങയിടാൻ ശ്രമിച്ചത് പ്രദേശത്തെ സി.പി.എം. പ്രവർത്തകർ തടയുകയായിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ തുടർച്ചയായിരുന്നു ശനിയാഴ്ചയും ഉണ്ടായത്. പ്രദേശത്തേക്കുള്ള റോഡ് നിർമാണത്തിൽ രാധ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നുണ്ട്.