Kerala
വൃദ്ധയുടെ മരണം കൊലപാതകം: മദ്യപിക്കാനുള്ള പണത്തിനായി കൊല നടത്തിയ പേരക്കുട്ടി അറസ്റ്റിൽ
Kerala

വൃദ്ധയുടെ മരണം കൊലപാതകം: മദ്യപിക്കാനുള്ള പണത്തിനായി കൊല നടത്തിയ പേരക്കുട്ടി അറസ്റ്റിൽ

ഇജാസ് ബി.പി
|
1 March 2022 10:36 AM GMT

അച്ഛമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കയ്യിലെ വള ഊരിയെടുത്ത ഗോകുൽ ചേർപ്പിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. ഇങ്ങനെ നിന്നു കിട്ടിയ 25,000 രൂപയിൽ മുവ്വായിരം രൂപയെടുത്ത് ആദ്യം പോയത് ബിവറേജിലേക്കും തന്റെ കൂട്ടുകാരുമൊത്തു മദ്യപിക്കാനുമായിരുന്നു

തൃശൂർ ചേർപ് കടലാശ്ശേരിയിൽ ഒറ്റക്കു താമസിക്കുന്ന ഊമൻപിള്ളി പരേതനായ വേലായുധൻ ഭാര്യ കൗസല്യ (78) മരണപ്പെട്ട സംഭവം കൊലപാതകം. മദ്യപിക്കാനുള്ള പണത്തിനായി കൊല നടത്തിയ ഇവരുടെ മകന്റെ മകൻ ഗോകുൽ (32) അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നു കരുതിയെങ്കിലും കയ്യിൽ കിടന്ന വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി. മൃതദേഹം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് അച്ഛമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കയ്യിലെ വള മോഷ്ടിച്ചത് ഗോകുലാണെന്നു തെളിഞ്ഞത്. മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനായി ഇയാൾ കൊല നടത്തി സ്വർണ്ണം കവരുകയായിരുന്നു. ചെറുപ്പത്തിൽ സ്വർണ്ണ പണി പഠിച്ചിട്ടുള്ള ഇയാൾ ഇപ്പോൾ പോളീഷ് പണിക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ സ്ഥിരമായി പണിക്കു പോകാതെ കൂട്ടുകൂടി മദ്യപിച്ചു നടക്കുന്ന ശീലക്കാരനാണ്.

അച്ഛമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കയ്യിലെ വള ഊരിയെടുത്ത ഗോകുൽ ചേർപ്പിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. ഇങ്ങനെ നിന്നു കിട്ടിയ 25,000 രൂപയിൽ മുവ്വായിരം രൂപയെടുത്ത് ആദ്യം പോയത് ബിവറേജിലേക്കും തന്റെ കൂട്ടുകാരുമൊത്തു മദ്യപിക്കാനുമായിരുന്നു. മദ്യലഹരിയിലിരിക്കുമ്പോഴാണ് അമ്മൂമ്മയ്ക്ക് തീരെ വയ്യ എന്നു പറഞ്ഞ് ഗോകുലിനെ അമ്മ വിളിക്കുന്നത്. ഉടനെ ഓട്ടോ വിളിച്ച് സ്ഥലത്തെത്തി. പിന്നെ മരണാനന്തര ചടങ്ങുകൾ കഴിയും വരെ രണ്ടു ദിവസം ഒന്നും സംഭവിക്കാത്ത മട്ടിൽ ഗോകുൽ നിന്നു. ഇതിനിടെ വള പണയം വച്ചു കിട്ടിയ പണം എടുത്തു പലവട്ടം മദ്യപാനം നടത്തി.

മൂന്നാം മുറയില്ല, തന്ത്രപരമായി കൊലപാതകം തെളിയിച്ച് റൂറൽ പോലീസ്

തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സ്വാഭാവിക മരണമാകുമായിരുന്ന കടലാശ്ശേരിയിലെ വൃദ്ധയുടെ മരണം കൊലപതകമെന്നു തെളിയിച്ചത്. ആദ്യം ഹൃദയാഘാതമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം കൗസല്യയുടെ കയ്യിൽ കിടന്ന വള കാണുന്നില്ലെന്ന് അറിഞ്ഞതോടെ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. ആദ്യം മുതലേ എല്ലാവരേയും നിരിക്ഷണത്തിലാക്കിയിരുന്നു. പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാരുടെ അഭിപ്രായം കൂടി അറിഞ്ഞതോടെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. മരണാനന്തരചടങ്ങുകളിൽ പോലും മഫ്തയിൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നത് ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.

ഞായറാഴ്ച കസ്റ്റഡിയിലെടുത്ത ഗോകുൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂളായി മറുപടി പറഞ്ഞ് തനിക്ക് മരണത്തിൽ യാതൊരു പങ്കുമില്ലെന്നു വരുത്താനായിരുന്നു ആദ്യ ഘട്ടത്തിൽ ശ്രമിച്ചത്. അന്വേഷണ സംഘം ശക്തമായ ചോദ്യങ്ങളിലേക്ക് എത്തുമ്പോൾ ശ്വാസതടസം അഭിനയിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കാനും ഇയാൾ ശ്രമം നടത്തി. എന്നാൽ വളരെ തന്ത്രപരമായുള്ള ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം.

മക്കൾ സ്വന്തമായി വീടു വച്ചു താമസം മാറിയതോടെ കുറച്ചു നാളുകളായി ഒറ്റയ്ക്കായിരുന്നു കൗസല്യ താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകന്റെ മകനാണ് പ്രതി ഗോകുൽ. പ്രണയ വിവാഹം ചെയ്ത ഗോകുലുമായി പിരിഞ്ഞ് ഭാര്യയും രണ്ടു കുട്ടികളും ഭാര്യ വീട്ടിലാണ് താമസം. സംഭവ ദിവസം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയും ഗോകുൽ തന്റെ പദ്ധതിക്കായി എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത വഴിയിലുടെ ആളുകളുടെ സാന്നിധ്യം തടസ്സമായി. പിന്നീട് രണ്ടരയോടെ വീണ്ടും എത്തിയാണ് കൃത്യം നടത്തിയത്. ആദ്യം സൗമ്യഭാവത്തിൽ പണയം വയ്ക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നു ചോദിച്ച് കൗസല്യ എതിർത്തു. ഇതോടെ ദേഷ്യം കയറിയ ഗോകുൽ കൗസല്യയെ പുറകിൽ നിന്ന് പിടിച്ച് നിലത്തു കിടത്തി ദേഹത്ത് കയറി ഇരുന്നു മൂക്കും വായയും പൊത്തിപ്പിടിച്ചു. കൗസല്യ ബഹളം വച്ചതോടെ തലയിണ എടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്തിയശേഷമാണ് വളയും റോൾഡ് ഗോൾഡ് മാലയും ഊരിയെടുത്ത് സ്ഥലം വിട്ടത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. പ്രതി പണയം വച്ച വള ധനകാര്യ സ്ഥാപനത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ചേർപ്പ് ഇൻസ്‌പെക്ടർ ടി.വി. ഷിബു, ഡി.വൈ.എസ് പി. ബാബു .കെ. തോമസ്, ചേർപ്പ് ഇൻസ്‌പെക്ടർ ടി വി. ഷിബു, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ് സീനിയർ സി.പി.ഒ മാരായ ഷഫീർ ബാബു, ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് ചേർപ്പ് സ്റ്റേഷനിലെ എസ്.ഐ. ദിലീപ് കുമാർ, എ.എസ്.ഐ. സജിപാൽ, സീനിയർ സി.പി.ഒ. മാരായ പി.എ.സരസപ്പൻ, ഇ.എച്ച്.ആരിഫ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനു ശേഷം കോവിഡ് മാനദണ്ഡപ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Elderly woman's murder: Grandson arrested for murder for alcohol money

Similar Posts