'കുരിശുമാല കഴുത്തിൽ ചാർത്തി സംരക്ഷിക്കാമെന്ന് എൽദോസ് വാക്കു തന്നിരുന്നു; എന്നാൽ മറ്റ് സ്ത്രീകളുമായുള്ള ബന്ധം അറിഞ്ഞതോടെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു'
|'ഇതിൻറെ പകയിൽ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു'
ബലപ്രയോഗത്തിലൂടെ പല തവണ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ബലാത്സഗംത്തിനും ഇന്ന് പൊലീസ് കേസെടുത്തത്.
'കുരിശുമാല കഴുത്തിൽ ചാർത്തി സംരക്ഷിക്കാമെന്ന് എൽദോസ് വാക്കു തന്നിരുന്നു. എന്നാൽ മറ്റ് സ്ത്രീകളുമായുള്ള ബന്ധം അറിഞ്ഞതോടെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഇതിൻറെ പകയിൽ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്'- യുവതി മൊഴിയിൽ പറയുന്നു.
ബലാത്സംഗ വകുപ്പ് കൂടി ചുമത്തിയ റിപ്പോർട്ട് അന്വേഷണസംഘം നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ചയാണ് വിധി. അതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇതിനിടെ നാലു ദിവസമായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നിപ്പിള്ളി ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തി. പരാതിക്കാരിയെ പേരെടുത്തല്ലങ്കിലും ക്രിമിനൽ എന്നാണ് എം.എൽ.എ വിശേഷിപ്പിക്കുന്നത്.
എന്നാൽ എൽദോസ് കുന്നിപ്പിള്ളിയെ സംരക്ഷിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എൽദോസ് കുന്നപ്പിള്ളിനെതിരെയുള്ള പരാതി ഗൗരവത്തോടെ കാണുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുവരെ എംഎൽഎയെ ബന്ധപ്പെടാനായിട്ടില്ല. ഒളിവിൽ പോകേണ്ട കാര്യമില്ല. എൽദോസിനെ ന്യായീകരിക്കാൻ കോൺഗ്രസിൽ നിന്ന് ആരും വരില്ലെന്നും സതീശൻ പറഞ്ഞു. ഇത്തരം കേസുകളിൽ സിപിഎം എടുത്ത നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിന് പാഠമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം എം.എൽ.എയ്ക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്താനും കേസൊതുക്കാനും ശ്രമിച്ചെന്ന പരാതിയിൽ കോവളം എസ്.എച്ച്.ഒ ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. പ്രൈജുവിനെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു.