'എൽദോസ് കുന്നപ്പിള്ളിൽ എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം'; അക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്ന് പ്രതിപക്ഷ നേതാവ്
|'വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. ശേഷം പാർട്ടി തുടർനിലപാട് സ്വീകരിക്കും'
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎല്എ എവിടെയാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. കെപിസിസി അധ്യക്ഷൻ നിലപാട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുമുണ്ട്. അതിന് ശേഷം പാർട്ടി തുടർനിലപാട് സ്വീകരിക്കുമെന്ന് സതൂശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസെടുത്തു. കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിലാണ് കേസ്. സെപ്തംബർ പതിനാലിന് കോവളത്ത് വെച്ച് വധശ്രമം നടന്നെന്നാണ് യുവതിയുടെ മൊഴി. 307, 354ബി വകുപ്പുകൾ ചേർത്താണ് കേസ്.
കോവളം ആത്മഹത്യാ മുനമ്പിൽ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളിൽ ശ്രമിച്ചെന്നാണ് രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി ആരോപിക്കുന്നത്. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ ബലാൽസംഗ കേസിലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.
യുവതിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെടുത്തു. മദ്യക്കുപ്പി വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കും. യുവതിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കാട്ടി പരാതിക്കാരി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇന്ന് കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.