'എൽദോസ് കുന്നപ്പിള്ളിയുടെ കണ്ണടയുടെ വില 35842 രൂപയാണ്'; കണ്ണട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ.ബിന്ദു
|താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: കണ്ണട വിവാദത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോൺഗ്രസ് നേതാക്കളായ എൽദോസ് കുന്നപ്പിള്ളിയും ടി.ജെ.വിനോദും കണ്ണട വാങ്ങാനായി ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്ന് കാണിച്ചാണ് മന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. എൽദോസ് കുന്നപ്പിള്ളി 35842 രൂപയും ടി.ജെ.വിനോദ് 31600 രൂപയും കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. ചട്ടപ്രകാരമല്ലാത്ത കാര്യമാണിതെന്ന് വ്യാഖ്യാനിച്ച് മഹിളാകോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് കോൺഗ്രസ് നേതാക്കളെ പരാമർശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കെ.എസ്.യുവിന്‍റെ നേതൃത്വത്തിൽ നടക്കുന്നത് സമരാഭാസമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള വർമ തെരഞ്ഞെടുപ്പിൽ അപാകതയുണ്ടായെങ്കിൽ വകുപ്പ് മന്ത്രിയെ പരാതി അറിയിക്കാമെന്നും എന്നാൽ ഇതുവരെ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
തനിക്ക് തെരഞ്ഞെടുപ്പുമായി ഒരു വിധത്തിലും ബന്ധമില്ലെന്നും കലാലയ തിരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ലെന്നും പറഞ്ഞ മന്ത്രി തെരഞ്ഞെടുപ്പിൽ എങ്ങനെ താൻ ഇടപെട്ടു എന്നതിന്റെ തെളിവടക്കം നിരത്തണമെന്നും ആവശ്യപ്പെട്ടു. കേരളീയത്തിന്റെ വിജയം സഹിക്കാൻ കഴിയാതെയാണ് പ്രതിഷേധം നടത്തുന്നതെന്നും അവർ ആരോപിച്ചു. മാധ്യമങ്ങളെ കാണുന്നതിനിടെ മന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധം നടന്നിരുന്നു.