ടൊവിനോക്കൊപ്പമുള്ള ഫോട്ടോയുമായി പ്രചാരണം; ഇനി ആവർത്തിക്കരുതെന്ന് വി.എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
|തന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌വിഇഇപി അംബാസഡറാണെന്നും ടൊവിനോ തോമസ് വ്യക്തമാക്കിയതോടെ വി.എസ് സുനിൽകുമാറിന്റെ പേജിലെ ടൊവിനോക്കൊപ്പമുള്ള പോസ്റ്റ് പിൻവലിച്ചിരുന്നു
തിരുവനന്തപുരം: നടൻ ടൊവിനോ തോമസിന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടപടി ഇനി ആവർത്തിക്കരുതെന്നാണ് സുനിൽകുമാറിന് കമ്മീഷൻ നോട്ടീസ് നൽകിയത്. ടൊവിനോയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡർ ആക്കിയത് അറിയില്ലായിരുന്നുവെന്ന് സുനിൽകുമാറും സിപിഐ ജില്ലാ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഈ മറുപടി തൃപ്തികരമായി കണ്ട് താക്കീത് നൽകി പരാതി അവസാനിപ്പിക്കുകയായിരുന്നു. ബിജെപിയടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷൻ നോട്ടീസ് നൽകിയത്.
നേരത്തെ വി.എസ് സുനിൽ കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് തന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്നും താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌വിഇഇപി അംബാസഡറാണെന്നും വ്യക്തമാക്കി നടൻ ടൊവിനോ തോമസ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചു. ഈ കുറിപ്പ് പുറത്തുവന്നതോടെ സുനിൽകുമാറിന്റെ പേജിലെ ടൊവിനോക്കൊപ്പമുള്ള പോസ്റ്റ് പിൻവലിച്ചു.
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് വി.എസ് സുനിൽ കുമാർ നടനെ കണ്ടത്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനിൽ കുമാർ പറഞ്ഞു. കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും സുനിൽ കുമാർ കുറിച്ചു. ടൊവിനോ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ വിഎസ് സുനിൽ കുമാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
Election Commission has warned VS Sunilkumar not to use the photo with Tovino thomas for election campaign