എസ്എഫ്ഐ- കെഎസ്യു സംഘർഷം; ഇടത്തല അൽ അമീൻ കോളജിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി
|72 സീറ്റുള്ള കോളജിൽ 45 എണ്ണത്തിൽ കെഎസ്യു വിജയിച്ചിരുന്നു. 27 സീറ്റുകൾ മാത്രമായിരുന്നു എസ്എഫ്ഐയ്ക്ക് നേടാനായത്.
കൊച്ചി: എറണാകുളം ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്യു സംഘർഷത്തെ തുടർന്നാണ് തീരുമാനം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. തുടർന്ന് രാത്രി വൈകിയും കോളജിൽ വിദ്യാർഥികൾ നിലയുറപ്പിച്ചതോടെയാണ് അധികൃതർ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തും.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു എസ്എഫ്ഐ ആവശ്യം. 72 സീറ്റുള്ള കോളജിൽ 45 എണ്ണത്തിൽ കെഎസ്യു വിജയിച്ചിരുന്നു. 27 സീറ്റുകൾ മാത്രമായിരുന്നു എസ്എഫ്ഐയ്ക്ക് നേടാനായത്. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് വലിയ രീതിയിലുള്ള സംഘർഷത്തിനു വഴിവച്ചത്.
ക്യാമ്പസിനകത്ത് പൊലീസ് കയറി വിദ്യാർഥികൾക്ക് നേരെ ലാത്തിവീശുന്ന സാഹചര്യം വരെയുണ്ടായി. സംഘർഷത്തിൽ ഒരു ഒന്നാം വർഷ വിദ്യാർഥിയുടെ ഞരമ്പ് മുറിയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.