തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതി: ഏറ്റുമുട്ടി പത്തനംതിട്ടയിലെ സ്ഥാനാർഥികൾ
|രാഷ്ട്രീയ സംവാദത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്‍റണി പരിപാടിയിൽനിന്ന് വിട്ടുനിന്നു
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ പരസ്പരം ഏറ്റുമുട്ടി പത്തനംതിട്ടയിലെ എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർഥികൾ. പദ്ധതിക്കായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക് എന്ന ആരോപണം യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി ആവർത്തിച്ചു. ചട്ടലംഘനം ഇല്ലെന്നും വിജ്ഞാപനം വരും മുമ്പേ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നതെന്നുമാണ് തോമസ് ഐസകിന്‍റെ വാദം.
പത്തനംതിട്ട പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയത്. ചർച്ച മണ്ഡലത്തിന്റെ വികസനത്തിൽ തുടങ്ങി റബ്ബർ താങ്ങുവിലയും കടന്ന് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വരെയെത്തി.
പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കിഫ്ബി അടക്കമുള്ള പദ്ധതികളാണെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു. എന്നാൽ, കിഫ്ബി കൊണ്ടുവന്ന വികസനം ചൂണ്ടിക്കാട്ടി ഐസക് ഇതിന് മറുപടി നൽകി.
വിഞ്ജാന പത്തനംതിട്ട എന്ന പേരിൽ ഐസക് തുടങ്ങിയ തൊഴിൽദാന പദ്ധതിയിലൂടെ സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആന്റോ ആൻറണി ആവർത്തിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനൊപ്പം സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം പൂർണമായി തള്ളിയ തോമസ് ഐസക് , യൂത്ത് കോൺഗ്രസുകാരായ യുവാക്കൾക്ക് കൂടി തൊഴിൽവാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംവാദത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്‍റണി പരിപാടിയിൽനിന്ന് വിട്ടുനിന്നു.
Summary : Election Violation Complaint: Candidates of Pathanamthitta clashed