Kerala
ഇന്ധനവിലയെ പിടിച്ചു കെട്ടാന്‍ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളും
Kerala

ഇന്ധനവിലയെ പിടിച്ചു കെട്ടാന്‍ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളും

Web Desk
|
4 Jun 2021 5:39 AM GMT

ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്നവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വായ്പ.

ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറിയിലേക്ക് അടുത്തു കൊണ്ടിരിക്കെ വരുമാനം കൂടാതെ ചെലവ് കൂടുന്നതില്‍ ആശങ്കപ്പെടുകയാണ് അവര്‍. അത്തരത്തിലുള്ളവര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ വായ്പ ലഭ്യമാക്കും എന്നതാണ് ഇന്നത്തെ ബജറ്റ് അവതരണത്തിലെ എടുത്ത് പറയേണ്ട ഒരു പ്രഖ്യാപനം.

ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധതരത്തിലുള്ള സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോം ഡെലിവെറി നടത്തുന്ന യുവാക്കള്‍ എന്നിവര്‍ക്ക് ഇന്ധനചെലവ് കുറഞ്ഞതും പരിസ്ഥിത സൌഹൃദവുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരു വായ്പ സ്കീം ആവിഷ്കരിക്കുമെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചത്. 10000 ടൂവീലറുകളും 5000 ഓട്ടോറിക്ഷകളും ഇത്തരത്തില്‍ ലഭ്യമാക്കും. ഇതിനായി 200 കോടി രൂപയാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പലിശ ഇളവ് നല്‍കുന്നതിനായി 15 കോടിയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

കൂടാതെ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ നിരത്തിലിറക്കാനായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്. കെഎസ്‍ആര്‍ടിസിയും 3000 ഡീസല്‍ ബസ്സുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിനായി 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 100 കോടിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിട്ടുണ്ട്. പുതുക്കാട് കെഎസ്‍ആര്‍ടിസിയുടെ മൊബിലിറ്റി ഹബ്ബിനായും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍റ് നിര്‍മ്മിക്കുന്നതിനും കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Similar Posts