രണ്ട് മുറി വീട്, വൈദ്യുതി ബില്ല് 17,044 രൂപ; പരാതിപ്പെട്ടപ്പോൾ കണക്ഷൻ വിച്ഛേദിച്ചു
|ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കുഴപ്പങ്ങളിലെന്ന് കണ്ടെത്തിയിട്ടും ബില്ലിൽ യാതൊരു മാറ്റവുമുണ്ടായില്ല
പത്തനംതിട്ട: ഇത്തവണ ലഭിച്ച വൈദ്യുതി ബില്ലിലെ തുക കണ്ട ഷോക്കിലാണ് തിരുവല്ല പെരിങ്ങര സ്വദേശി വിജയനും കുടുംബവും. രണ്ട് മുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 17,044 രൂപയാണ് ബില്ലായി ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചെന്നും വിജയൻ പറഞ്ഞു .
പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബവുമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നടപടിയിൽ തളർന്നിരിക്കുന്നത്. ഭാര്യക്കും മക്കൾക്കും രോഗിയായ അമ്മയ്ക്കുമൊപ്പം തന്റെ രണ്ട് മുറി വീട്ടിലാണ് വിജയൻ താമസിക്കുന്നത് . ഈ വീട്ടിലാണെങ്കിൽ ആകെയുള്ളത് രണ്ട് എൽ.ഇ.ഡി ബൾബുകളും രണ്ട് ഫാനുകളും മാത്രം. വൈദ്യുതി ഉപയോഗത്തിനായി ഇതുവരെ പ്രതിമാസം ചിലവായിരുന്നത് 400 രൂപയിൽ താഴെ മാത്രമാണ് . എന്നാൽ ഇത്തവണത്തെ കരണ്ട് ബില്ല് കണ്ടതോടെയാണ് കുടുബാംഗങ്ങൾ ഷേക്കേറ്റ നിലയിലായത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് ലഭിച്ച ബില്ലിനെ കുറിച്ച് വിജയൻ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തി പരാതി അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കുഴപ്പങ്ങളിലെന്ന് കണ്ടെത്തിയിട്ടും ബില്ലിൽ യാതൊരു മാറ്റവുമുണ്ടായില്ല. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചത്.
വിജയൻ നൽകിയ പരാതിയെ കുറിച്ച് അറിയില്ലെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ വിദ്യാർത്ഥികളായ മക്കളുടെ പരീക്ഷക്കാലം മാനിച്ചെങ്കിലും തന്റെ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് മാത്രമാണ് പരാതിക്കാരന് പറയാനുള്ളത്.