സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
|ഇന്ധന സര്‍ചാര്‍ജ്ജായി യൂണിറ്റിന് ഒമ്പത് പൈസ ഈടാക്കാനാണ് വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി.ഇന്ധന സർചാർജായി യൂണിറ്റിന് ഒമ്പത് പൈസ വച്ച് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്കാണ് വർധനവെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ അധികമായി 87 കോടി രൂപ ചെലവായി. ഇത് സർചാർജായി യൂണിറ്റിന് 14 പൈസ വച്ച് ഈടാക്കാനുള്ള അുമതിയാണ് കെ.എസ്.ഇ.ബി തേടിയത്.
പൊതു ഹിയറിങ്ങടക്കം നടത്തിയാണ് നിരക്ക് ഒമ്പത് പൈസയായി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചത്. എന്നാൽ ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നുണ്ട്. അതിനാൽ അടുത്ത മാസങ്ങളിലും ഇന്ധന സർചാർജ് ഈടാക്കാനിടയുണ്ട്.