Kerala
kerala university,employee was summoned before the completion of maternity leave
Kerala

'ഡെപ്യൂട്ടി രജിസ്ട്രാർ നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നു'; പ്രസവാവധിയിലിരിക്കെ തിരിച്ചുവിളിച്ച സംഭവത്തിൽ ജീവനക്കാരിയുടെ മൊഴി

Web Desk
|
22 March 2023 3:38 AM GMT

മൂന്നംഗ വനിതാ സമിതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: പ്രസവാവധി കഴിയുന്നതിന് മുൻപ് കേരള സർവകലാശാലയിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ മൂന്നംഗ വനിതാ സമിതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഫോണിൽ സംസാരിച്ചിട്ട് തൃപ്തനാകാതെ ഡെപ്യൂട്ടി രജിസ്ട്രാർ നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജീവനക്കാരി മൊഴി നൽകി.മണിക്കൂറുകളോളം സർവകലാശാലയിൽ കാത്തു നിൽക്കേണ്ടി വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്.നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നംഗ വനിതാ സമിതി പരാതിക്കാരിയെ നേരിട്ടുകണ്ടാണ് മൊഴിയെടുത്തത്.

മാർച്ച് എട്ടിനായിരുന്നു പ്രസവിച്ച് എട്ടാം ദിവസം ഡെപ്യൂട്ടി രജിസ്ട്രാർ യുവതിയെ നിർബന്ധിച്ച് സർവകലാശാലയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം വിവാദമായതോടെ സർവകലാശാലയിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ രജിസ്ട്രാർ റിപ്പോർട്ട് തേടിയത്.

യുവതി ഭർത്താവുമൊന്നിച്ച് ദീർഘനാളുകളായി വിദേശത്ത് അവധിയെടുത്ത് കഴിയുകയാണ്. പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് വരികയും ഗർഭാവസ്ഥയിലായതിനാൽ അവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എട്ട് ദിവസത്തിനകം ജോലിക്ക് ഹാജരാകണമെന്ന നിർദേശം ലഭിച്ചുവെന്നതാണ് യുവതിയുടെ പരാതി. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം രജിസ്ട്രാര്‍ ഇത് വൈസ് ചാന്‍സലര്‍ക്ക് കൈമാറും. തുടര്‍ന്ന് ഡെപ്യൂട്ടി രജിസ്ട്രാറുടെ വിശദീകരണവും തേടും. ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.



Similar Posts