Kerala
മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
Kerala

മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

Web Desk
|
15 Feb 2022 1:00 AM GMT

രാജ്യത്തിനെതിരെയോ സത്യത്തിനെതിരെയോ മീഡിയവൺ വാർത്ത നൽകിയെന്ന് ലോകത്ത് ഒരു ശക്തിക്കും പറയാനാകില്ലെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്‌മാൻ

മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മീഡിയവൺ ഹെഡ്ക്വാർട്ടേഴ്‌സ് അങ്കണത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

നീതി ലഭിക്കും വരെ ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധ സംഗമം. രാജ്യത്തിനെതിരെയോ സത്യത്തിനെതിരെയോ മീഡിയവൺ വാർത്ത നൽകിയെന്ന് ലോകത്ത് ഒരു ശക്തിക്കും പറയാനാകില്ലെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്‌മാൻ പറഞ്ഞു. എന്ത് പ്രഹസനമാടോ പ്രജാപതി എന്ന പേരിൽ മീഡിവൺ അക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും പ്രതിഷേധ പരിപാടിയിൽ ശ്രദ്ധയാകർഷിച്ചു. പ്രതിഷേധ സംഗമത്തിന് മീഡിയവണിന്റെ വിവിധ ബ്യൂറോകളിലെ ജീവനക്കാരും ഐക്യദാർഢ്യം അറിയിച്ചു. വിവിധ ഡിപ്പാർട്‌മെന്റ് പ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

മീഡിയവണിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ദേശീയ തലത്തിലും പ്രതിഷേധം ശക്തമാകുകയാണ്. മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഡയറക്ടറുമായ എൻ. റാം, സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരടക്കമുള്ള പ്രമുഖർ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. രാജ്യത്ത് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകരക്കുമെതിരെ നിരന്തരമായി ആക്രമണം നടക്കുന്നുവെന്ന് എൻ.റാം പറഞ്ഞു. കൂടാതെ അദ്ദേഹം മീഡിയവണിനും ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചു.

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ കുത്തനെ താഴോട്ടു പോയെന്നും കേന്ദ്ര സർക്കാർ മാധ്യമങ്ങളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ടെന്നും പ്രശാന്ത് ഭൂഷൺ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്ത് തെറ്റാണ് ചെയ്തതെന്ന് പറയാതെയാണ് മീഡിയവണിന്റെ ലൈസൻസ് റദ്ദാക്കിയത്, ദേശ സുരക്ഷയെ അപകടത്തിലാക്കുന്ന വാർത്ത മീഡിയവൺ കൊടുത്തിട്ടില്ല, മേൽ കോടതികളിൽ നിന്നും മീഡിയവണിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്ത് ഉയർന്നു വരുന്നത് ഗുരുതര സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

Similar Posts